Post is about new hindu temple in Dubai.
ദുബായിൽ പുതിയതായി ഒരു ഹിന്ദു ക്ഷേത്രവും കൂടി ഭക്തജനങ്ങൾക്കായി തുറന്നിരിക്കുന്നു. 2022 ഒക്ടോബർ നാലിനാണ് ക്ഷേത്രം ഔപചാരികമായി തുറന്നു കൊടുത്തത്. ഇപ്പോൾ രണ്ടു ഹിന്ദു ക്ഷേത്രങ്ങളാണ് ദുബായിലുള്ളത്. ആദ്യത്തെ അമ്പലം സ്ഥിതി ചെയ്യുന്നത് ബർദുബായ് എന്ന സ്ഥലത്താണ്. രണ്ടാമത്തേത് ജബൽ ആലി എന്ന സ്ഥലത്തും.
മുസ്ലീം പള്ളികളും, ക്രിസ്ത്യൻ പള്ളികളും, സിഖ് ഗുരുദ്വാരയുമൊക്കെയുള്ള ജബൽ ആലിയിലെ സഹിഷ്ണുതാ കോറിഡോറിലെ വർഷിപ്പ് വില്ലേജിലാണ് പുതിയ ഹിന്ദു ക്ഷേത്രം തുറന്നിരിക്കുന്നത്. 82,000 ചതുരശ്ര അടിയിൽ നാലു നിലകളായാണ് ക്ഷേത്രത്തിന്റെ നിർമ്മിതി. ഭൂമിക്കടിയിലുള്ള രണ്ടു നിലകൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും, ഗ്രൗണ്ട് ഫ്ലോറിൽ വിവാഹം മുതലായ ചടങ്ങുകൾ നടത്താൻ കഴിയുന്ന വിശാലമായ ഒരു ഹാളും, ഒന്നാം നിലയിൽ പ്രാർത്ഥനാ ഹാളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. പ്രാർത്ഥനാ ഹാളിന് 5000 ചതുരശ്ര അടി വിസ്‌തീർണ്ണമുണ്ട്.
ഒരേ സമയത്ത് 1200 പേർക്ക് പ്രാർത്ഥന നടത്താനുള്ള സൗകര്യം ക്ഷേത്രത്തിനകത്തുണ്ട്. ബർദുബായിലെ സിന്ധി ഗുരു ദർബാറിന്റെ ഭാഗമായാണ് ജബൽ ആലിയിൽ പുതിയ ക്ഷേത്രം പണി കഴിപ്പിച്ചിട്ടുള്ളത്. ജബൽ ആലിയിലെ ഗുരു നാനാക്ക് ദർബാർ ഗുരുദ്വാരയ്ക്ക് സമീപത്തായാണ് പുതിയ ക്ഷേത്രം.